
സാൻ ഫെർണാണ്ടോ കപ്പലിൽനിന്നും ആദ്യ കണ്ടെയ്‌നർ യാർഡിൽ ഇറക്കി. സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്ത് എത്തിയത് ഏറെ ആഹ്ളാദകരമായ ചരിത്ര നിമിഷമെന്ന് മന്ത്രി വി.എൻ. വാസവൻ. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖത്തിനു പുതിയ കോഡ്. IN NYY-1. സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് ഒൻപത് വർഷം പഴക്കമുണ്ട്. രാവിലെ 7.15 ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. നാലു ടാഗ് ഷിപ്പുകളുടെ നേതൃത്വത്തിലാണ് കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികൾ കപ്പലിന്റെ വരവ് ആഘോഷമാക്കി.